കണ്ണൂര്‍: ഓണമുൾപ്പെടെയുള്ള ആഘോഷവേളകളിൽ തിരക്കൊഴിവാക്കി സുഗമമായ യാത്ര ഉറപ്പു വരുത്താൻ കെഎസ്ആർടിസി പ്രീമിയം ബസുകൾ വാടകയ്ക്കെടുത്ത് സർവീസ്
നടത്തും.
കെഎസ്ആർടിസിക്ക് നിലവിൽ അധിക സർവീസുകൾ നടത്താൻ ആവശ്യമായ ബസുകളില്ല. ഈ സാഹചര്യത്തിൽ പുതിയ ബസുകൾ വാങ്ങാൻ ശ്രമിച്ചെങ്കിലും ബസുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ "വെറ്റ് ലീസ്’രീതിയിലായിരിക്കും ബസുകള്‍ വാടകയ്ക്കെടുക്കുക.
സെപ്റ്റംബറോടെ കെഎസ്ആര്‍ടിസിയുടെ രണ്ടായിരത്തോളം ബസുകളുടെ കാലാവധിയും പൂർത്തിയാകും. ഇതോടെ നിരത്തിലുള്ള ബസുകളുടെ എണ്ണം ഗണ്യമായി കുറയുന്ന സാഹചര്യത്തിൽക്കൂടിയാണ് വെറ്റ് ലീസ് വ്യവസ്ഥ നടപ്പാക്കുന്നത്.
ഓണം ഉൾപ്പെടെയുള്ള ഉത്സവ വേളകളിൽ അന്യസംസ്ഥാനങ്ങളിൽനിന്നു നാട്ടിലേക്കെത്താൻ സാധാരണ നിലയിലെക്കാളും മൂന്നിരിട്ടി നിരക്കുവരെ നൽകേണ്ട അവസ്ഥയാണു മലയാളികൾ നേരിടുന്നത്. തിരക്കിനനുസരിച്ച് സ്വകാര്യ ബസ് സർവീസുകാർ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതാണു കാരണം. കെഎസ്ആർടിസി പുതിയ രീതിയിലുള്ള സർവീസ് തുടങ്ങുന്നതോടെ സ്വകാര്യ ബസ് സർവീസുകാരുടെ കഴുത്തറപ്പൻ കൊള്ള ഒഴിവാക്കാനാകും. നേരത്തേ ഇതുമായി ബന്ധപ്പെട്ട് ടെൻഡർ വിളിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.
ഇതോടെ റീ-ടെൻഡർ വിളിച്ചതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട അഭ്യർഥനയുമായി മന്ത്രി സി.പി. ജോണും നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. നല്ല കണ്ടീഷനുള്ള ബസുകൾ വിട്ടുതരുന്നവർക്ക് അതത് ദിവസങ്ങളിലെ കലക്ഷനും എടുക്കാമെന്നും മന്ത്രി പറഞ്ഞു.
കണ്ടക്ടറെ കെഎസ്ആർടിസി നിയോഗിക്കും. കെഎസ്ആർടിസിക്കു വരുമാനമുണ്ടാക്കുന്നതിനല്ല, തിരക്ക് കുറച്ച് യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണു പദ്ധതി ആവിഷ്കരിച്ചതെന്നും മന്ത്രി പറഞ്ഞു. ഇന്ധനച്ചെലവ് ഉൾപ്പെ ടെയുള്ളവ ഉടമകൾ വഹിക്കണം. ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്കു സര്‍വീസ് നടത്തുന്നതിനായി ബസുകള്‍ വാടകയ്ക്കെടുക്കാനും കെഎസ്ആര്‍ടിസി നേരത്തേ തീരുമാനിച്ചിരുന്നു.
ടിക്കറ്റ് ക്രമക്കേട് നടത്തിയാൽ കർശന നടപടി: മന്ത്രി
കണ്ണൂര്‍: പ്രിയദര്‍ശിനി സർവീസ് നടത്തുന്ന ചില ബസുകളിൽ കണ്ടക്ടർമാർ ക്രമക്കേടു നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സി.പി. ജോൺ.
പുരുഷ യാത്രക്കാരിൽനിന്ന് പണം വാങ്ങി സ്ത്രീകൾക്കുള്ള യാത്രാ പദ്ധതിയുടെ ടിക്കറ്റ് നൽകി പണം തട്ടിയെടുക്കുന്നതായാണു കണ്ടെത്തിയത്.
പ്രിയദര്‍ശിനി പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മിന്നിൽ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രിയദര്‍ശിനി ബസുകളില്‍ വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരുടെ പരിശോധന കര്‍ശനമാക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്. തട്ടിപ്പുകാർക്കെതിരേ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.